വിശ്വാസങ്ങളും അര്‍ത്ഥങ്ങളും

“ശുക്രന്‍ വന്നു മൂലത്തില്‍ പിണഞ്ഞിരിക്കുവാന്. സര്‍പ്പശാപവും കാണുന്നുണ്ട്. ഇങ്ങനെ പോയാല്‍ താങ്കള്‍ അധികം വൈകാതെ തന്നെ ഈ ലോകം വെടിയുന്നതയിരിക്കും എന്നത് സത്യം”, കഴുത്തില്‍ കുമിഞ്ഞു കൂടിക്കിടക്കുന്ന മാലകളും ശരീരമാസകലം ഭസ്മവും ചന്ദനവും തൂകിയ ആ മാന്യന്‍ തന്റെ മുന്നിലെ ചതുരംഗക്കളത്തിനു തുല്യമായ ബോര്‍ഡിനു മുകളിലെ ‘മുത്തുകളുടെ’ സ്ഥാനം നോക്കിക്കൊണ്ട്‌ പയ്യനോട്  പറഞ്ഞു.

“പ്രശ്നം ഗുരുതരമാണപ്പോള്‍, അല്ലേ ജ്യോത്സരേ?”, തീര്‍ത്തും പേടിയോടുകൂടിയ മുഖഭാവത്തോടെ പയ്യന്‍ ചോദിച്ചു.

“അതെ!  പ്രശ്നപരിഹാരത്തിനു വേണ്ട ക്രിയകള്‍ എത്രയും പെട്ടന്ന്‍ ചെയ്തില്ലെങ്കില്‍ കുടുംബം മൊത്തത്തോടെ മുടിയും. സകല പിതാമഹന്മാരും നിങ്ങളാല്‍ മുടിക്കപ്പെടും. നാളെയുടെ രാത്രികളില്‍ നിങ്ങള്‍ അങ്ങുമിങ്ങുമില്ലാതെ എന്തെന്നറിയാതെ എവിടെയൊക്കെയോ അലയും”, തന്റെ രണ്ടു കൈകളും മേല്‍പ്പോട്ടുയര്‍ത്തി എന്തൊക്കെയോ ആ പയ്യന് മുന്നില്‍ നടക്കുന്നു എന്ന രൂപേണ മാന്യന്‍ പറഞ്ഞു.

“പ്രശ്നപരിഹാരം?”, പയ്യന്‍ തന്റെ തല മാന്യന്റെ കാല്‍പ്പാദങ്ങളില്‍ അര്‍പ്പിച്ചുകൊണ്ട് തന്നിലെ പേടിയെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് ചോദിച്ചു.

“ഉം…! ഇനി വരുന്ന 40… അല്ല 48 ദിവസം വൃതമെടുക്കണം. എല്ലാ ദിവസവും രാവിലെയും വൈകീട്ടും കൃഷ്ണന്റെ അമ്പലത്തിനു ചുറ്റും 8 തവണ വലം വെക്കണം. ഭണ്ടാരപ്പെട്ടിയില്‍ 500 രൂപയില്‍ കവിയാതെ നേര്‍ച്ച അര്‍പ്പിക്കണം. കാമാസക്തി അശുദ്ധം തന്നെ. യാത്രകള്‍ക്ക് പോകുമ്പോള്‍ ബസ്സില്‍ തന്നെ സഞ്ചരിക്കുക. വീടിന്‍റെ 4 മൂലകളും വൃത്തിയാക്കി ഞാന്‍ തരുന്ന ഏലസ്സ് 4 അടിയോളം മണ്ണ് കുഴിച്ച് കുഴിച്ചിടുക. ആരോടും വൈരാഗ്യം പുലര്‍ത്തരുത്…. തല്‍ക്കാലം… തല്ക്കാലം ഇത്രയും മതി. ബാക്കി കാര്യങ്ങള്‍ ഞാന്‍ വഴിയെ പറയാം. ഇപ്പറഞ്ഞ കാര്യങ്ങള്‍ക്കൊന്നും യാതൊരു മാറ്റവും വരുത്താതെ 48 ദിവസം ചെയ്താല്‍ താങ്കളുടെ ജീവിതം സുരക്ഷിതമായിരിക്കും. ഇനി അങ്ങനെ അല്ല എന്നുണ്ടെങ്കില്‍……”

കയ്യിലിരുന്ന 4൦൦൦ രൂപയുടെ ചെക്ക് മാന്യനു കൈമാറി പയ്യന്‍ ഒരു ക്ലാസ്സിക്കല്‍ ഇല്ലത്തിനു സമാനമായ ആ മാളികയില്‍ നിന്നും ചെറിയ പ്രതീക്ഷയോടെ വീട്ടിലേക്കു നടന്നു.

പിറ്റേന്ന് രാവിലെ 4 മണിക്ക് തന്നെ എഴുന്നേറ്റു നമ്മുടെ പയ്യന്‍. പല്ലുതേപ്പും കുളിയും കഴിഞ്ഞ് നേരെ കൃഷ്ണന്റെ അമ്പലത്തിലേക്ക്….

‘പാദരക്ഷകള്‍ പുറത്തിടുക’

അമ്പലത്തിനു മുന്നില്‍ വെച്ചിരിക്കുന്ന ആ ബോര്‍ഡിന് മുന്നില്‍ തന്നെ തന്റെ പാദരക്ഷകള്‍ ഇട്ടുകൊണ്ട്‌ പയ്യന്‍ അമ്പലത്തിനുള്ളിലേക്ക് കയറി. അവിടെ തുടങ്ങുന്നു മനുഷ്യര്‍ തന്നെ ഉണ്ടാക്കിയ വ്യര്‍ഥമായ ആചാരങ്ങളും അനിഷ്ടാനങ്ങളും… മാന്യന്‍ പറഞ്ഞ പോലെ അമ്പലത്തിനു ചുറ്റും വലം വെക്കുകയും തന്നാല്‍ കഴിയുന്നതിലുമധികം ‘മണി’ നേര്‍ച്ചയ്ക്കായി ഇടുകയും ചെയ്തു. ഇതെല്ലം കഴിഞ്ഞ് അമ്പലത്തില്‍ നിന്നും പ്രസാദവും വാങ്ങി വീട്ടിലേക്ക്….

ഇതാണ് കളി!! വമ്പന്‍ കളികള്‍. പയ്യന്‍ തന്റെ 48 ദിവസത്തെ പൂജാകര്‍മ്മങ്ങള്‍ക്ക് ശേഷം ഇപ്പോഴും ജീവിച്ചിരിക്കുന്നു. അതും തീര്‍ത്തും സന്തുഷ്ടത നിറഞ്ഞ തന്റെ കുടുംബത്തോടൊപ്പം. പാമ്പ് കടിയേറ്റും വണ്ടി കയറിയും ചാവതിരിക്കാനുള്ള മരുന്ന് മാന്യന്‍ പറഞ്ഞു കൊടുത്തായിരുന്നു. ആ മരുന്നില്‍ നിന്നും പയ്യന് കിട്ടിയ കുറച്ച് പേടിയും അപ്പോഴത്തെ വിശ്വാസക്കുറവും അവനില്‍ കൂടുതല്‍ ആത്മവിശ്വാസം വളര്‍ത്താന്‍ പിന്നീടു കാരണമായി. കയ്യില്‍ നിന്നും മാന്യനും അമ്പലക്കാരുടെ കുടുംബത്തിനും നേര്‍ച്ചയായി അര്‍പ്പിച്ച ‘മണി’ കൊണ്ട് അവരുടെ കുറച്ച് ദിവസത്തേക്കുള്ള വരുമാനത്തില്‍ വര്‍ദ്ധനവുണ്ടായി. അമ്പലവാസം നന്നാണെന്ന് വിശ്വസിക്കുന്ന പയ്യന് തന്നില്‍ തന്നെ ഒരു വിശ്വാസം ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചു. വിശ്വാസം അതല്ലേ എല്ലാം…

സത്യത്തില്‍ ഈ ദൈവം നമ്മള്‍ക്കാരാണ്? ജാതി-മത ഭേദമന്യേ ദൈവത്തിന്റെ പേരും പറഞ്ഞു ഇവിടെ കാണിച്ചു കൂട്ടുന്നത്‌ മേല്‍പ്പറഞ്ഞ സംഭവങ്ങളൊക്കെ തന്നെയല്ലേ?

കുറിപ്പ്: ഈ പോസ്റ്റിലൂടെ ഞാന്‍ പറയാന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ ഒരുപക്ഷേ പലര്‍ക്കും അരോചകമായി തോന്നാം. എന്നെ നിങ്ങള്‍ അവിശ്വാസി എന്ന് വേണമെങ്കില്‍ മുദ്രകുത്താം. ഞാന്‍ എന്ന ഒരു വ്യക്തിയെ അടിച്ചമര്‍ത്താന്‍ സമൂഹത്തിനായാല്‍ അതെന്‍റെ തോല്‍വിയെന്ന് വിശ്വസിക്കുന്ന ആളാണ്‌ ഞാന്‍. കാരണം ഇത് ഞാന്‍ ആണ്. ‘ഞാന്‍’ എന്ന വാക്ക് ഞാന്‍ പറയുമ്പോള്‍ പോലും എന്നെ കുറിച്ച് മാത്രമാണ് പറയുന്നത്. എന്റെ വിശ്വാസങ്ങള്‍ എന്റേത് മാത്രമാണ്. എന്നില്‍ എനിക്കായി മാത്രം ഉള്‍ക്കൊള്ളുന്ന ഒരു ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. അതില്‍ മതങ്ങളോ നിങ്ങളുടെ വിശ്വാസങ്ങളോ ഉള്‍പ്പെടില്ലായിരിക്കും, എന്നാല്‍ വിശ്വാസങ്ങള്‍….. വിശ്വാസങ്ങള്‍ എന്ന വാക്ക് നമുക്ക് രണ്ടു പേര്‍ക്കും ഒരേ അര്‍ത്ഥമാണ് നല്‍കുന്നത്. ജീവിതം ഒന്നേയുള്ളൂ! അതില്‍ സന്തോഷവും ദുഖവും കലര്‍ന്ന ഉടയങ്ങളും അസ്തമായങ്ങളും എപ്പോള്‍ വേണമെങ്കിലും എവിടെ വേണമെങ്കിലും സംഭവിക്കാം. അത്തരം ഉദയാസ്തമയങ്ങളില്‍ അലിഞ്ഞു ചേര്‍ന്ന് ജീവിതത്തിനു തന്നെ ഒരു അര്‍ഥം കണ്ടെത്തുക. ഇതായിരിക്കാം എന്നിലെ വിശ്വാസത്തിന്റെ ഒരര്‍ത്ഥം…. കളിച്ചും ചിരിച്ചും കരഞ്ഞും ജീവിതം ആസ്വദിക്കുക തന്നെ ചെയ്യൂ.

ജീവിതം ആകെ ഒന്നേയുള്ളൂ…. ഒന്നേയുള്ളൂ…..!

– രാഹുല്‍