ഭക്ഷണപ്രിയര്‍ ശ്രദ്ധിക്കുക

കേരളം അന്നും ഇന്നും രുചികരമായ ഭക്ഷണവിഭവങ്ങള്‍ക്ക് പ്രസിദ്ധമാണ്. കേരള സ്പെഷ്യല്‍ സദ്യയും, നല്ല കരിമീന്‍ പൊള്ളിച്ചതും, കുട്ടനാടന്‍ താറാവ് കറിയുമെല്ലാം ഇപ്പറഞ്ഞ വിഭവങ്ങളില്‍ പെട്ട ചിലത് മാത്രം. ദിനംപ്രതി വിവിധ രാജ്യങ്ങളില്‍ നിന്നും നമ്മുടെ കൊച്ചു കേരളത്തിലേക്കെത്തുന്ന വിദേശീയരില്‍  ചിലര്‍  സ്വാദിഷ്ടമായ തനിനാടന്‍ ഫുഡ്‌ കണ്ടു മാത്രം എത്തുന്നവരാണ്. അമേരിക്കയിലും യൂറോപ്പിലുമൊക്കെ സ്പൂണും കോര്‍ക്കും വെച്ച് ഫുഡ്‌ അടിക്കുന്ന സായിപ്പും മദാമ്മയും കേരളത്തില്‍ വരുമ്പോള്‍ കളി മൊത്തത്തില്‍ മാറുമല്ലോ? നമ്മള്‍ നമ്മുടെ പൈതൃകത്തിനും ജീവിതശൈലിക്കും ഇക്കാലത്ത് വലിയ വില കല്പ്പിക്കതിരിക്കുമ്പോഴും വിദേശീയര്‍ക്കു പ്രിയം കേരളീയ കലകളും രീതികളും തന്നെയാണെന്നത് ഒരു സത്യം മാത്രം.

മനുഷ്യന്‍ ഒരു സാമൂഹിക ജീവിയാണ്. പക്ഷേ ഇക്കാലത്ത് ഒരു റൂമും കഴിക്കാനുള്ള ഫുഡും സാമാന്യം നല്ല വേഗതയുള്ള ഇന്റര്‍നെറ്റ്‌ സംവിധാനമുള്ള കമ്പ്യൂട്ടറും ഉണ്ടെങ്കില്‍ കുറച്ച് ദിവസം ഒറ്റയ്ക്ക് രാത്രിയും പകലും ജീവിച്ചു തീര്‍ക്കാന്‍ അവനു സാധിക്കാവുന്നതേ ഉള്ളൂ. അത്തരം ഒരു സാഹചര്യം എനിക്കുണ്ടായത് കൊണ്ട് മാത്രമാണ് ഇത്ര ധൈര്യത്തോടെ ഞാന്‍ അങ്ങനെ പറഞ്ഞത്. എന്നാല്‍ ഇന്റര്‍നെറ്റ്‌ ലോകം അവനില്‍ നിന്നും ഉടലെടുക്കുന്ന വ്യത്യസ്തമായ ചിന്തകള്‍ക്കും ആശയങ്ങള്‍ക്കും വലിയ രീതിയില്‍ തന്നെ മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. രാത്രിയോ പകലോ എന്നില്ലാതെ ഇന്റര്‍നെറ്റ്‌ ലോകത്ത് മിന്നിത്തിളങ്ങാന്‍ ആഗ്രഹിക്കുന്ന ഒരു യുവത്വം ആണ് ഇപ്പോള്‍ വളര്‍ന്നു വന്നുകൊണ്ടിരിക്കുന്നത്. ഞാനും അങ്ങനെ ഒരു ലോകത്ത് ജീവിക്കുന്ന ഒരു ചെറുപ്പക്കാരന്‍ ആണെന്നതും ഇവിടെ എടുത്തു പറയേണ്ടിയിരിക്കുന്നു. ഫേസ്ബുക്കും ബ്ലോഗ്ഗിങ്ങുമൊക്കെ അടങ്ങിവാഴുന്ന ഇക്കാലത്ത് മറ്റു രാജ്യങ്ങളില്‍ ജീവിക്കുന്ന ആളുകളോട് പോലും ഞൊടിയിടയില്‍ കൈ കോര്‍ക്കാം. വിദേശീയ സംസ്കാരവും സാഹചര്യങ്ങളും നമ്മുടെ ഇടയിലേക്ക് കടന്നുവരാനും ഈ മാധ്യമങ്ങള്‍ കാരണമായിട്ടുണ്ടാവാം.

ക്ഷമിക്കണം, പറയാന്‍ വന്ന വിഷയം ചെറുതായിട്ടൊന്നു കൈവിട്ടുപോയി. പക്ഷേ പറഞ്ഞ കാര്യങ്ങള്‍ ഇതിലെ ഉള്‍ക്കൊള്ളേണ്ടവ തന്നെയായിരുന്നു എന്നാണ് എനിക്ക് തോന്നിയത്. എന്തിരുന്നാലും ഇനി മുമ്പ് പറഞ്ഞ കാര്യത്തിലേക്ക് തന്നെ കടന്നു വരാം. കേരളത്തിലെ ഭക്ഷണപ്രിയര്‍ക്ക് ഈ ഇടയായി തങ്ങളുടെ ഇഷ്ടപ്പെട്ട വിഭവങ്ങളെ കൊതിയോടെ നോക്കിയിരിക്കാനുള്ള ആവേശം മാത്രമേ കാണുന്നുള്ളൂ. ഒരു സാധാരണ വൃത്തിയുള്ള കടയില്‍ കയറി ഭക്ഷണം തട്ടാന്‍ പോലും വേണം കയ്യില്‍ മിനിമം 100 റുപ്പിക. സായിപ്പിനും മദാമ്മക്കും വേണ്ടി മാത്രം തങ്ങള്‍ ഭക്ഷണം വിളമ്പുള്ളൂ എന്ന മനോഭാവത്തോടെയാണ് പല ഭക്ഷണശാലകളും പ്രവര്‍ത്തിക്കുന്നത്. സാധാരണക്കാരും ഇന്നാട്ടില്‍ ജീവിക്കുന്നുണ്ട് എന്ന് പലപ്പോഴും അവര്‍ മനപ്പുര്‍വ്വം മറന്നു പോകുന്നു. ഓരോ ദിവസം ചെല്ലുംതോറും ഉപ്പു തൊട്ടു കര്‍പ്പൂരം വരെ ഉള്ള സാധനങ്ങള്‍ക്ക് ദിനംതോറും വിലയേറി വരുവാണെന്നുള്ള മുടന്തന്‍ ന്യായീകരണം അവര്‍ പറയുമ്പോഴും അതിനു വില കൂട്ടുക എന്ന മാര്‍ഗം മാത്രമാണോ പരിഹാരം എന്ന് തിരിച്ചു ചോദിക്കേണ്ടിയിരിക്കുന്നു. ഭക്ഷണം വിശക്കുന്ന വയറിനുള്ളതല്ലേ? രാത്രികാലങ്ങളില്‍ മാത്രം തുറന്നു പ്രവര്‍ത്തിച്ചു സാമാന്യം നല്ല രീതിയില്‍ കൊടുക്കണ പൈസക്ക് ഭക്ഷണം വിളമ്പുന്ന ഉഗ്രന്‍ തനി നാടന്‍ തട്ടുകടകള്‍ക്ക് പൈസ വാരാമെങ്കിലാണോ ഒരു ദിവസം മുഴുവന്‍ തുറന്നു പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകള്‍ക്ക് നേട്ടം ഉണ്ടാക്കിയെടുക്കാന്‍ ബുദ്ധിമുട്ട്. ഇതിലൊക്കെ അത്ര വലിയ കാര്യം ഇരിക്കുന്നുണ്ടോ? ചെയ്യുന്ന പണി വൃത്തിക്കും മെനക്കും ചെയ്താല്‍ അതിനുള്ള കൂലി ഇതുപോലെ ‘തട്ടിപ്പറിച്ചു’ മേടിക്കേണ്ട കാര്യമുണ്ടോ? ഇപ്പോഴും 50 റുപ്പികയ്ക്ക് നല്ല ബിരിയാണി വിളമ്പുന്ന കടകളും കൊച്ചിയിലുണ്ട്. ഇടക്കൊക്കെ ഒന്ന്‍ ശ്രീധര്‍ തിയറ്ററിന്റെ പിന്നിലോട്ടു കണ്ണോടിച്ചാല്‍ നല്ല അസ്സല്‍ ബിരിയാണിയുടെയും ഇറച്ചിച്ചോറിന്റെയും മണം അടിക്കും. സംശയം വല്ലതുമുണ്ടെങ്കില്‍ ഇന്ന് ഉച്ചയ്ക്കു തന്നെ വണ്ടി എടുത്തു വിട്ടോളൂ. പോകുമ്പോ കയ്യില്‍ 50 റുപ്പിക മാത്രം കരുതാന്‍ പാടുള്ളൂ എന്ന് പ്രത്യേകം ഓര്‍മ്മിപ്പിച്ചു കൊള്ളുന്നു.

-രാഹുല്‍