ഭാഗം 1: പ്രേമം! അതെന്താ സംഭവം?

NB: ഈ കഥയും ഇതിലെ കഥാപാത്രങ്ങളും തികച്ചും സങ്ങല്പ്പികം മാത്രമാണ്… ഇന്ന് ജീവിക്കുന്നവരോ മരിച്ചുപോയവരോ ആയി ഏതെങ്കിലും വിധത്തിൽ സാദ്രിശ്യം തോന്നുന്നുവെങ്കിൽ അത് തികച്ചും സങ്ങല്പ്പികം മാത്രം…..

അതെ, അവളെ ഞാൻ എന്തിനു കണ്ടുമുട്ടി എന്നത് ഇപ്പോഴും എപ്പോഴും ഒരു ഉത്തരം മുട്ടിക്കുന്ന ചോദ്യം തന്നെ ആണ് എന്റെ മുമ്പിൽ! എന്ന് കണ്ടു മുട്ടി എന്നുള്ളതിന് ഒരു കൃത്യമായ ഉത്തരം എന്റെ പക്കൽ ഉണ്ട് താനും. അവളെ ആദ്യമായി ഞാൻ നേരിൽ കാണുന്നത് 9 ക്ലാസ്സിൽ പഠിക്കുമ്പോഴാണ്. കൃത്യമായി പറഞ്ഞാൽ പഠിക്കണം എന്ന അതിയായ ആഗ്രഹം മൂത്ത് കൊച്ചിയിൽ ഒരുമാതിരി പ്രസിദ്ധമായ ഒരു ട്യൂഷന്‍ സെന്ററിൽ വെച്ച്. ഞാൻ  അവിടെ ചെന്ന് പെട്ടത് ഒരു നിമിത്തം എന്ന് വേണമെങ്കിൽ പറയാം. വളരെ വ്യത്യസ്തമായ ഒരു പഠന പ്രക്രിയയിരുന്നു അവിടെ അവർ കയ്ക്കൊണ്ടിരുന്നത്. വെളുപ്പിനെ 6 മണിക്ക് ക്ലാസ്സ്‌ തുടങ്ങും. വെറുതെ ചുമ്മാ വേണമെങ്കിൽ പഠിച്ചാൽ മതി എന്നുള്ള സാധാരണ ക്ലാസുകൾ ആയിരുന്നില്ല അവിടെ. പഠിച്ചില്ലെങ്കിൽ നല്ല ഉശിരൻ ചൂരൽ പ്രയോഗവും മുട്ട് കുത്തി നിർത്തലും ഒക്കെ ഉണ്ടായിരുന്നു, ഞാൻ തൊട്ടുമുന്പ് പ്രസ്താവിച്ച സ്ഥാപനത്തിൽ. ഇതൊക്കെ കൊണ്ട് തന്നെ ആണ് ലവട ഇഷ്ടംമാതിരി പിള്ളേർ ഉണ്ടായിരുന്നത്. ആ ചെറിയ വിസ്ത്രിതമായ സ്ഥലത്ത് ഒരു കൊച്ചു ഓടു മേഞ്ഞ വീടും അതിനു പിറകിലായി 2 ഇത്തിരിക്കോളം പോന്ന ഓലപ്പുരയും; ഇതായിരുന്നു ഞങ്ങളുടെ ട്യൂഷന്‍ ക്ലാസ്സ്. ‘കഥപറയുമ്പോൾ‘ എന്ന മോഹനൻ ചിത്രത്തിലൂടെ നിങ്ങള്ക്ക് ഒരു പക്ഷേ ഇത് പോലെ ഒരു പരിസരവും മേല്പ്പറഞ്ഞ പഠനരീതിയും സുപരിചിതമായിരിക്കും. എന്റെ ഓർമ്മ ശരി ആണെങ്കിൽ, അഞ്ചു മുതൽ പന്ത്രെന്ടാം ക്ലാസ്സ്‌ വരെയുള്ള ക്ലാസ്സുകളിൽ പഠിപ്പിക്കാൻ ഏതാണ്ട് 10-12 സാറുമ്മരുണ്ടായിരുന്നു അവിടെ. പലര്ക്കും ക്ലാസ്സ്‌ എടുക്കൽ പാർട്ട്‌ ടൈം ജോലിയും അതിന്റെ ഒപ്പം തന്നെ ഇമ്മിണി പൈസ മാസാവസാനം പോക്കറ്റ്‌-ല് തടയണ പരിപാടി കൂടി ആയിരുന്നു. എന്റെ സ്കൂളിൽ കൂടെ പഠിച്ചിരുന്ന വിനു വഴിയാണ് ഞാൻ ഇങ്ങനെ ഒരു സ്ഥാപനം ഉള്ളാതായി അറിയുന്നത്‌… പിന്നെ ഒന്നും നോക്കിയില്ല! വീട്ടിൽ ചെന്ന് അമ്മയോട് കാര്യം പറയുകയും, കേട്ട പാതി കേക്കാത്ത പാതി  അന്ന് വൈകീട്ട്‌ തന്നെ വീടുകാർ എന്നെ അവിടെ കൊണ്ട് പോയി ചേർക്കുകയും ചെയ്തു.

എന്റെ ജീവിതത്തില്‍ തന്നെ ആദ്യമായിട്ടായിരുന്നു  ആ കൊടും തണുപ്പാർന്ന മഴയുള്ള  രാവിലെ നാലര മണിക്ക്‌ യാതൊരു മടിയും കൂടാതെ ഞാൻ എഴുന്നേറ്റത് ! പടിക്കണം എന്ന ആഗ്രഹം മുട്ടി നിക്കുവാണല്ലോ? ചിലപ്പോ അതു കൊണ്ടായിരിക്കാം തലേന്ന് രാത്രി തന്നെ കുറച്ച്‌ കഷ്ടപ്പെട്ടിറ്റണ് ഉറക്കം കിട്ടിയത്‌… എഴുന്നേറ്റ് പല്ല് തേപ്പും കുളിയും കഴിഞ്ഞു ഒരു കടും കട്ടന്‌ കാപ്പി അങ്ങു പാസ്സാക്കി. തലേന്ന് കുളിപ്പിച്ചു സുന്ദരൻ ആക്കി വീടിനു വെളിയിൽ  വെച്ചിരിക്കണ നുമ്മട Hero Buzz മുത്തിനെ ജനലിനിടയിലൂടെ ഞാന്‍ ഒന്നു നോക്കി. അവനെ എന്റെ കയ്യില്‍ കിട്ടിയിട്ട്‌ 6 മാസം ആയിട്ടുള്ളൂ എങ്കിലും  ചെക്കന്‍ ഇന്നു ആദ്യയിട്ടാണ് ഇച്ചിരി പണി എടുക്കാന്‍ പോണേ. പക്ഷെങ്കില്‌ രണ്ട്‌ നോട്ട്ബുക്ക്‌ ആയിട്ട്‌ പുറത്തേക്കിറങ്ങിയ എന്നോടും ഒരു നല്ല സവരിക്കായി ഒരുങ്ങിയിരുന്ന എന്റെ ചങ്ങായിയോടും അപ്പോ പെയ്ത മഴ ഒരു മാതിരി മറ്റെട്ത്ത പരുപാടി ആണ് കാണിച്ചേ. എനിക്ക് ശെരിക്കിനും വിഷമായി. ഞാൻ അച്ഛനോട് ഇക്കാര്യം ചെന്ന് പറഞ്ഞപ്പോ പുള്ളിക്കാരൻ ഒടുക്കത്ത ചിരി. അലമാരി തുറന്ന് അതിലുണ്ടായിരുന്ന അച്ഛന്റെ rain coat എനിക്ക് തന്നു. പിന്നെ ഒന്നും നോക്കിയില്ല! സൈക്കിൾ എടുത്തു ഒരു അഞ്ചര മണിയായപ്പോ വീട്ടിൽ നിന്നും ഇറങ്ങി. പോകുന്ന വഴിയെ അവിടെ പഠിക്കുന്ന എന്റെ കൂട്ട്കാരനെയും കണ്ടു. ഞങ്ങൾ രണ്ടു പേരും ഒരു മത്സരം എന്ന പോലെ ആ ഇടിവെട്ടും മഴയും ഉള്ള രാവിലെ അങ്ങ് പറപ്പിക്കാൻ തുടങ്ങി. ക്ലാസ്സിൽ കേയരാൻ വേണ്ടി ചെന്നപ്പോ തന്നെ ഒരു ചോദ്യം!

“ഉം… എന്തെ? ക്ലാസ്സിൽ എത്ര മണിക്കാ കെയരണ്ടേ എന്ന് നിങ്ങക്ക് അറിയില്ലെടാ?”

“സുമേഷ് സർ…!”, എന്റെ കൂടെ ഉണ്ടായിരുന്നവൻ പറഞ്ഞു.

“തനിക്ക് ഒരു സാമാന്യ ബോധം ഇല്ലേടോ? മനുഷ്യൻ ഈ പൊരി മഴയത്ത എങ്ങനയ വന്നെ എന്ന് ഞങ്ങള്ക്ക് മാത്രം അറിയാം”, അയാളെ കുറിച്ച് നേരത്തെ തന്നെ കേട്ട് നല്ല മതിപ്പ് ഉള്ളത് കൊണ്ട് ദിത് ഞാൻ എന്നോട് തന്നെ പറഞ്ഞു.

ആ തടിയാൻ സർ ഒരുമാതിരി മറ്റെടാത്ത നോട്ടം നോക്കിക്കൊണ്ട് ക്ലാസ്സിൽ കെയറി ഇരുന്നോളാൻ പറഞ്ഞു. ക്ലാസ്സിൽ കയറിയതും ഞാൻ കണ്ടത് ബെഞ്ചിനു മുകളിൽ കെയറി നില്ക്കണ 2 ചെക്കന്മാരെ ആണ്. പിന്നിടാണ് ഞാൻ അറിഞ്ഞത് സുമേഷ് കുട്ടികളോട് ചോദ്യങ്ങള് ചോദിച്ചോണ്ട് ഇരിക്കുവായിരുന്നു എന്ന്. ഏതാണ്ട് 45 പില്ലെരോളം ഉണ്ടായിരുന്നു ആ ഓലപ്പുരയിൽ. അതിൽ തന്നെ ഒരു വശം മുഴുവൻ ആണ്കുട്ടിയോളും മറ്റേ വശം പെണ്‍കുട്ടിയോളും. അടുത്തിരിക്കുന്ന പിള്ളേരൊക്കെ ഒരുമാതിരി കിടുങ്ങി ഇരിക്കുവായിരുന്നു എന്ന് അവരുടെ മുഖഭാവം കണ്ടപ്പോൾ തന്നെ എനിക്ക് പുടി കിട്ടി. ചോദ്യങ്ങളൊക്കെ ചോദിച്ച കഴിഞ്ഞു നല്ല ചൂരൽ പ്രയോഗവും ആദ്യ ദിവസം തന്നെ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായി. 4 ചൂരൽ ആണ് ആ കാണ്ടാമൃഗത്തിന് തുല്യമായ മനുഷ്യൻ എന്റെ കണ്മുൻപിൽ വെച്ച് തുരു തുരാ പിള്ളേരുടെ കൈതള്ളയിൽ അടിച്ച് ഒടിച്ചത്. അതിലൊരുത്തൻ വാവിട്ട് കരയുന്നതും എനിക്ക് കാണേണ്ടി വന്നു.

കലാപരിപാടികളൊക്കെ കഴിഞ്ഞു പുള്ളി കെമിസ്ട്രി ടെക്സ്റ്റ്‌ തുറക്കാൻ പറഞ്ഞു! ടെക്സ്റ്റ്‌ എടുക്കാൻ ഞാൻ എന്റെ വലതു വശത്തിരിക്കുന്ന ബാഗ്‌- തുറക്കുവാനായി തിരിഞ്ഞു. ടെക്സ്റ്റ്‌ എടുത്തു തല ഉയർത്തിയപ്പോൾ എന്റെ കണ്ണുകൾ എങ്ങനയോ ചെന്ന് പെട്ടത് പെണ്കുട്ടിയോൾ ഇരിക്കണ അവസാന ബെന്ചിലേക്കാന്.

“എന്റെ പൊന്നോ….! ഞാൻ എന്താ ഈ കാണണെ? ഒരു രക്ഷയില്ല! അവിടെ? അവൾ…! ഒരു വെളുത്ത ഇടതൂർന്ന തട്ടം ഇട്ട സുന്ദരിയായ മുസ്‌ലിം കുട്ടി എന്നെ തന്നെ നോക്കിക്കൊണ്ടിരിക്കുന്നതാണ് ഞാൻ കണ്ടേ. ആ നിമിഷം…. ഞാൻ അവളെ തന്നെ നോക്കിയിരുന്നെങ്കിൽ സത്യായിട്ടും ചത്ത്‌ പോയേനെ! മൊഞ്ചുള്ള  കുട്ടിയോൾ എന്ന് പറഞ്ഞാൽ ഇങ്ങനെ ഇരിക്കണം. പക്ഷെ അതിനുള്ള അവസരം പടച്ചോൻ ഉണ്ടാക്കി തന്നില്ല. പെട്ടന്നാണ് അത് സംഭവിച്ചേ!

“ഛെ…! നശിപ്പിച്ചു?!”

*തുടരും …….!