ഭാഗം 3: പ്രേമം! അതെന്താ സംഭവം?

*ഭാഗം 1

*ഭാഗം 2

സംഭവം കുറച്ച് വിജലംബിച്ചതാനെട്ട! ഞങ്ങളുടെ ക്ലാസ്സിന്റെ തൊട്ടു പിന്നില്‍ ആയിരുന്നു പത്താം ക്ലാസ്സ്‌.; തൊട്ടു പിന്നില്‍ എന്ന് പറഞ്ഞാല്‍ അവരും ഞങ്ങളും തമ്മില്‍ ഒരു കാര്‍ഡ്‌ ബോര്‍ഡ്‌ന്‍റെ മറവില്‍ ആയിരുന്നു അവിടെ പഠിച്ചോണ്ടിരുന്നെ. അവിടെ പറയുന്നതൊക്കെ ഞങ്ങള്‍ക്കും ഞങ്ങളുടെ ക്ലാസ്സില്‍ പറയുന്നതൊക്കെ അവര്‍ക്കും വളരെ നന്നായി കേള്‍ക്കാമായിരുന്നു. എല്ലാ ദിവസവും രാവിലെ തന്നെ കിടുക്കന്‍ പൂരം കഴിഞ്ഞിട്ടാ ക്ലാസ്സ്‌ തുടങ്ങൂ എന്ന് ഞാന്‍ പറഞ്ഞൂല്ലോ? അങ്ങനെ ഇരിക്കുമ്പോഴാണ് ഒരു ദിവസം അപ്പുറത്തെ ക്ലാസ്സിലെ പൂരത്തിന് തിരി കൊളുത്തുന്നതിനു മുമ്പ് ഇമ്മട സുമേഷ് മാമന്‍ പിന്നേം മറ്റെടെത്ത പരുപാടി കാണിച്ചേ. പുള്ളിക്ക് എന്താണെന്നാവോ ഇടക്കിടക്ക് ദിങ്ങന പിള്ളേരേ കുത്തിക്കൊണ്ടിരിക്കണം. പുള്ളി ക്ലാസ്സിലേക്ക് പോകുന്നത് ഞാന്‍ കണ്ടിരുന്നു. പിന്നീട് അപ്പുറത്തെ പത്താം ക്ലാസ്സില്‍ കുട്ടിയോള് കുറച്ച് നേരത്തേക്ക് നിശബ്ദതയില്‍ ഇരിക്കുന്നതാണ് ഇപ്പുറത്ത ക്ലാസ്സില്‍ ഇരിക്കണ എന്റെ ശ്രദ്ധയില്‍ പെട്ടത്.

“മക്കളേ! കഴിഞ്ഞ ആഴ്ച എടുത്തതൊക്കെ പഠിച്ചട്ടുണ്ടോ?”

സുമേഷ് അയാളുടെ ഗര്‍ജനാത്മകമായ രീതിയിലൂടെ പിള്ളേരോട് ചോദിക്കുന്നത് ഞാന്‍ കേട്ടു. പക്ഷേ പിള്ളേരുടെ ഭാഗത്ത്‌ നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല എന്ന് മാത്രമല്ല അതിലുണ്ടായിരുന്ന ചില മഹാന്മാരും മഹതികളും പുള്ളി കഴിഞ്ഞ ക്ലാസ്സില്‍ എടുത്തത്‌ ശരിക്കും മനസിലായില്ല എന്ന രീതിയില്‍ അല്ലറ ചില്ലറ നമ്പര്‍ ഇറക്കുകയും ചെയ്തു.

“മക്കളേ! ക്ലാസ്സ്‌ എടുക്കുന്നത് മനസിലായില്ല എങ്കില്‍ നിങ്ങളോട് ക്ലാസ്സ്‌ എടുത്തു കഴിയുമ്പോള്‍ തന്നെ ചോദിക്കണം എന്ന് ഞാന്‍ പറഞ്ഞട്ടുള്ളത് നിങ്ങള് മറന്നോ? എല്ലാവരും ബുക്ക്‌ അടച്ചോ വേഗം.”

ഇത് കേട്ടതും പലരും ഒന്നു കിടുങ്ങി!

“സര്‍, ഇന്ന് നമ്മുടെ എല്ലാ ദിവസവും ഉള്ള പൂരം വേണ്ട, സര്‍.”, മുന്നിലിരിക്കുന്ന നിഷാന്ത് പറഞ്ഞു.

“മോനേ നിഷാന്തേ! നീ ആ കയ്യങ്ങ് നീട്ടിയെ.”

“സര്‍…..??”

“കൈ നീട്ടാനല്ലേടാ നിന്നോട് പറഞ്ഞേ”

“ഹയ്യോ……….! ഹമ്മേ…..!!”, വെടിക്കെട്ടിന് അന്ന് സുമേഷ് തിരി കൊളുത്തിയത് നിഷാന്തിന്റെ കയ്യില്‍ വെച്ചായിരുന്നു. 2 ചൂരല്‍ ആണ് പുള്ളി അവന്റെ കയ്യുടെ വീര്യം അറിയാന്‍ വേണ്ടി തല്ലിയുടച്ചേ. അതും പോരാഞ്ഞ് ചെക്കനെ അപ്പോള്‍ തന്നെ പുറത്തേക്ക് ഇറക്കി വിടുകയും ചെയ്തു.

അവന്റെ ചോര ഒലിച്ചു തുടങ്ങിയിരുന്ന കൈ കണ്ടിട്ടാണോ എന്തോ, പുള്ളി പിന്നീടു പറഞ്ഞ കാര്യം എനിക്ക് വളരെ നന്നായി പുടിച്ചു.

“എന്നാല്‍ ഇന്നത്തേക്ക് ഒരു കാര്യം ചെയ്യാം! നിങ്ങളില്‍ ഉള്ള ഒരാളോട് ഞാന്‍ ചോദ്യങ്ങള് ചോദിക്കാം. അതിപ്പോ ഉത്തരം പറയുന്നത് അവനയാലും അവളായാലും ശരി, ഉത്തരം ശരിയാണെങ്കില്‍ പിന്നെ ഞാന്‍ വേറെ ആരോടും ചോദ്യം ചോദിക്കില്ല. ആരാണ് എന്ന് വെച്ചാല്‍ നിങ്ങള്‍ തന്നെ തീരുമാനിച്ചോ”

പിള്ളേര് കേട്ട പാതി കേള്‍ക്കാത്ത പാതി അങ്ങോട്ടും ഇങ്ങോട്ടും നോക്കാന്‍ തുടങ്ങി! സത്യം പറഞ്ഞാല്‍ ആര്‍ക്കും ആ ആജാനഭാഹുവിന്റെ മുന്‍പില്‍ ഒന്നു എഴുന്നേറ്റു നില്ക്കാന്‍ പോലും ഉള്ള ധൈര്യം ഉണ്ടായില്ല. പിന്നെ ആണ് പുള്ളിയുടെ ചോദ്യങ്ങള്‍ക്ക് നേരെ പോയി തല വെക്കാന്‍ പോകണേ. കുറച്ച് നേരം അയാള് പിള്ളേരേ നോക്കി ഇളിച്ചുകൊണ്ടും നിന്നു. പിന്നെ ആരും അയാള് പറഞ്ഞ സംഭവത്തിനു മുതിരില്ല എന്ന് കണ്ടപ്പോ എല്ലാത്തിനോടും എഴുന്നേറ്റു നില്ക്കാന്‍ പറഞ്ഞു. പിന്നെ ഞാന്‍ കേട്ടത് പൂരം ആണ്! ഒരു ഒന്നൊന്നര പൂരം. വെടിക്കെട്ടിന് തിരി കൊളുത്തി ചൂരലുകള്‍ ഒന്നൊന്നായി പൊട്ടാന്‍ തുടങ്ങി. എത്ര ചൂരല് പൊട്ടി എന്നുള്ളതിന് ഒരു കണക്കും ആ ദിവസം ഉണ്ടായിരുന്നില്ല.

“കോപ്പന്‍! ഇയാളൊരു മനുഷ്യനാണോ?”, ഇതായിരുന്നു എന്റെ മനസ്സില്‍ ഉദിച്ച ആദ്യത്തെ ചോദ്യം.

എട്ടാം ദിവസം:

രാവിലെ ക്ലാസ്സില്‍ വന്നു കയറിയതും ഞാന്‍ എന്റെ ക്ലാസ്സില്‍ കണ്ടത് കുത്തിയിരുന്ന് പഠിക്കണ പിള്ളേരേ ആണ്. കാര്യം എന്താണെന്നു  ചോദിച്ചപ്പോഴാണ് ഇന്ന് സുമേഷിന്റെ ക്ലാസ്സ്‌ ആണെന്ന് ഞാന്‍ അറിയുന്നത്. പുള്ളി കഴിഞ്ഞ ക്ലാസ്സില്‍ കെമിസ്ട്രിയില്‍ പഠിപ്പിച്ചു തീര്‍ത്ത ഒരു പാഠം മുഴുവനും ഇന്ന് ചോദിക്കും എന്ന് അന്ന് തന്നെ പറഞ്ഞിരുന്നു. ഞാന്‍ മാത്രം എന്തിനാ ചുമ്മാതങ്ങ്‌ ഇരിക്കണേ? ഞാനും എന്റെ അടുത്തിരിക്കുന്നവന്മാരുടെ ഒപ്പം അങ്ങു കൂടി.

പത്ത് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും അയാള് മറ്റേടത്ത ഇളി ഇളിച്ചുകൊണ്ട്‌ ക്ലാസ്സിലേക്ക് കയറി വന്നു.

“മോളേ രാധികേ! സ്റ്റാഫ്‌ റൂമില്‍ ചെന്നിട്ടു അവിടെ സൈഡില്‍ വെച്ചിരിക്കുന്ന ആ 8 ചൂരല്‍ ഇങ്ങു എടുത്തോണ്ടു പോര്”

“ശരി സര്‍”, ആ മോന്ജത്തി ചൂരല്‍ എടുക്കാന്‍ വേണ്ടി സ്റ്റാഫ്‌ റൂമിലേക്ക് പോയി.

അവള് പോയതും പുള്ളി ഞങ്ങളെ എല്ലാവരെയും ഒന്നു നോക്കി.

“ഓക്കേ! കഴിഞ്ഞാഴ്ച നിങ്ങളുടെ തൊട്ടപ്പുറത്തുള്ള ക്ലാസ്സില്‍ നടന്ന കലാപരുപടികള്‍ ഒക്കെ കേട്ടുകാണുമല്ലോ? ഇവന്ടയൊക്കെ മുഖം കണ്ടിട്ട് മിക്കവാറും ഇന്നെനിക്ക് പണി ഉണ്ടാക്കും എന്നാണ് തോന്നുന്നത്. അത് കൊണ്ട് നിങ്ങളുടെ ചേട്ടന്മാരോട് കഴിഞ്ഞ ക്ലാസ്സില്‍ ചോദിച്ച പോലെ ഇവിടെയും ചോദിക്കുവാന്. ഒരൊറ്റ ഒരുത്തിയോ ഒരുത്തനോ മതി എനിക്ക്. അങ്ങനെ ആരെങ്കിലും ഇവിടെ ഉണ്ടോ ആവോ?”

(നിശബ്ദം)

30 സെക്കന്റ്‌ കഴിഞ്ഞ്:

“എന്താ ആരും ഒന്നും മിണ്ടാത്തെ?”

“Sir! May I come in?”, കയ്യില്‍ നല്ല മുട്ടന്‍ 6-8 ചൂരലും പിടിച്ചോണ്ട് രാധിക വിഷാദഭാവത്തോടെ ഞങ്ങളെ പിഴിഞ്ഞ് കൊണ്ടിരുന്ന ആ മാന്യവ്യക്തിയോടു ചോദിച്ചു.

“ആ! വരൂ, മോളേ.”

ചെറിയ പുച്ഛത്തോടെ അവള്‍ സാധാരണയായി ഇരിക്കാറുള്ള ഏറ്റവും മുന്നിലുള്ള ബെഞ്ചില്‍ കെയറി ഇരുന്നു.

“അപ്പോള്‍ പറ! എന്താ ചെയ്യണ്ടേ? രാധികയ്ക്ക് ഒന്ന്‍ ശ്രമിച്ചുകൂടെ?”, അയാള്‍ തന്റെ മുന്നിലിരിക്കുന്ന കെമിസ്ട്രി ടെക്സ്റ്റ്‌ന്റെ പേജ് ഒന്നൊന്നായി മറിച്ചുകൊണ്ട് അവളോട്‌ ചോദിച്ചു.

“സര്‍…! അത്…? ഞാന്‍ ശരിക്കും പഠിച്ചട്ടില്ല!”

“ഓ! അങ്ങനെ ആണോ? എന്നാല്‍ പിന്നെ നമ്മള്‍ തുടങ്ങുവല്ലേ? എവിടെ നിന്നും തുടങ്ങണം? അത് നിങ്ങള്‍ പറയുന്നത് പോലെ തന്നെ ചെയ്യാം! പറഞ്ഞോ…!!”

പെട്ടെന്നാണ് എന്റെ ഉള്ളില്‍ എവിടെയോ നിന്നും അയാളുടെ മുമ്പില്‍ എഴുന്നേറ്റ് നില്‍ക്കാനുള്ള ധൈര്യം കിട്ടിയേ.

“സര്‍! ഞാന്‍ റെഡി ആണ്. ചോദ്യം പറ.”

“ആഹാ! പുതിയ ആളുകളൊക്കെ വന്നിട്ടുന്ടെല്ലോ ഇവിടെ. ഞാന്‍ പറഞ്ഞത് കേട്ടല്ലോ? നീ ഇപ്പോ ഉത്തരം പറഞ്ഞില്ലെങ്കിലും ഇവര്‍ക്കുള്ള അടി കൂടി നീ ഒറ്റക്ക് മേടിച്ചു കൂട്ടേണ്ടി വരും. ചോദ്യം ചോദിക്കട്ടെ?”

“സര്‍ ചോദിക്ക്”, ചെറിയ പേടിയോടെ ഞാന്‍ പറഞ്ഞു.

പുള്ളിയുടെ ആദ്യത്തെ ചോദ്യത്തില്‍ തന്നെ ഞാന്‍ വീണു! പേടികൊണ്ടാണോ എന്തോ? ഞാന്‍ കുറച്ച വെമ്പി വെമ്പി ആണ് ഉത്തരം പറഞ്ഞേ; അതും പുള്ളിയുടെ സഹായത്തോടു കൂടി. എങ്ങനെയൊക്കെയോ ഉത്തരങ്ങളൊക്കെ പറഞ്ഞൊപ്പിച്ചു. അയാള്‍ എന്നോട് ഇരുന്നോളാന്‍ പറഞ്ഞു. ഒരു ചെറിയ വാക്കാലുള്ള മല്‍പ്പിടുത്തം കഴിഞ്ഞതിന്റെ ആശ്വാസത്തില്‍ ഞാന്‍ ഇരുന്നതും ക്ലാസ്സിലെ പിള്ളേര് മൊത്തം കയ്യടിച്ചതും ഒരുമിച്ചായിരുന്നു. എന്റെ കൂടെ ഇരുന്നവന്മാരൊക്കെ ഞാന്‍ എന്തോ വലിയ സംഭവം ചെയ്തു എന്നുള്ള രീതിയില്‍ ആണ് എന്നോട് പ്രതികരിച്ചത്. പെണ്‍കുട്ടികളുടെ കണ്ണുകളും പലയിടത്ത് നിന്നും എന്നിലേക്ക് പതിയുന്നതായും എന്റെ ശ്രദ്ധയില്‍ പെട്ടു.

സുമേഷ് എല്ലാവരോടും മിണ്ടാതിരിക്കാന്‍ പറഞ്ഞിട്ട് ക്ലാസ്സ്‌ എടുക്കുവാന്‍ തുടങ്ങി. ഞാന്‍ കൂടെ ഉണ്ടായിരുന്നവന്മാരുടെ കമന്റ്‌ ഒന്നും ചെവിക്കൊള്ളാതെ സുമേഷ് കയ്യില്‍ പിടിച്ചിരിക്കുന്ന ഒമ്പതാം ക്ലാസ്സിലെ കെമിസ്ട്രി ടെക്സ്റ്റ്‌ ബുക്കിന്റെ കവര്‍ പേജ് വളരെ ലാഘവത്തോടെ നോക്കിക്കൊണ്ട് ഇരുന്നു. പെട്ടന്നാണ് അയാളുടെ ഫോണ്‍ റിംഗ് അടിച്ചത്. മിണ്ടാതിരിക്കാന്‍ പറഞ്ഞുകൊണ്ട് ആ തടിയന്‍ പുറത്തേക്കു പോയി. പോകാന്‍ നേരം ക്ലാസ്സിലെ വലിയ പുള്ളിയായ രാധികയോട് ക്ലാസ്സില്‍ ആരെങ്കിലും സംസാരിക്കനുന്ടെങ്കില്‍ അവരുടെ പേരെഴുതി വെക്കാനും പറഞ്ഞു. ഞാന്‍ അവളെ തന്നെ ഒരറ്റത്ത് നിന്നും നോക്കിക്കൊണ്ടിരുന്നു. അത്തരമൊരു നിമിഷത്തില്‍ എനിക്കവളോട് ഒരു ചുക്കും തോന്നിയില്ല. അന്ന് പ്രണയം എനിക്ക് കാണാന്‍ കൊള്ളാവുന്ന പെണ്‍കുട്ടികളെ കാണുമ്പോ പ്രായപൂര്‍ത്തി ആയിക്കൊണ്ടിരിക്കുന്ന ഒരു ആണ്‍കുട്ടിയില്‍ ഉണ്ടാവുന്ന വികാരം മാത്രമായിരുന്നു. കൃത്യമായി പറഞ്ഞാല്‍ ഒരു തരം ആസക്തി! അത് എന്തുകൊണ്ട് ഉണ്ടാവുന്നുവെന്നോ എങ്ങനെ ഉണ്ടാവുന്നുവെന്നോ ഞാന്‍ ആ പ്രായത്തില്‍ എന്തോ ചിന്തിച്ചു നോക്കിയട്ടില്ല. പക്ഷേ ഇങ്ങനെ ഒരു വികാരത്തിന് അതിന്‍റേതായ പ്രാധാന്യം എല്ലാ മനുഷ്യരിലും ഉണ്ടാവാം എന്ന കാഴ്ചപ്പാട് എനിക്കുണ്ടായിരുന്നു.

അവളെ തന്നെ അങ്ങനെ ശ്രദ്ധിച്ചുകൊണ്ട് ഇരിക്കുമ്പോള്‍ ആണ് പെണ്കുട്ടിയോള്‍ ഇരിക്കുന്ന വശത്ത് നിന്നും സാമാന്യം വലുപ്പമുള്ള ഒരു വെള്ളക്കടലാസു ചുരുട്ടി ഗോളാകൃതിയില്‍ എന്റെ മുന്നിലിരിക്കുന്ന അറരസികനായ ചന്ദുവിന്റെ കയ്യില്‍ എത്തുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടത്.

“ഡാ! രാഹുല്‍ അശോക്‌.” 😀

ആ പേപ്പര്‍ ബോള്‍ അവനു കൊടുത്തുകൊണ്ട് അത് കൊടുത്തവള് ചെറുപുഞ്ചിരിയോടെ അവനോടു പറഞ്ഞു.

“മച്ചാനേ! കോളടിച്ചല്ലോ?”, അവന്‍ അത് എനിക്ക് തന്നുകൊണ്ട് പറഞ്ഞു.

ഇതെന്താ പരുപാടി എന്ന്‍ ഞാന്‍ അവനോട് ചോദിച്ചെങ്കിലും വളരെ നല്ല ഒരു വളിച്ച ചിരിയും അതിന്റെ പിറകെ എന്റെ കവിളില്‍ അവന്റെ 2 കയ്യിലെ വിരലുകള്‍ കൊണ്ട് പിച്ചുകയും ചെയ്തുകൊണ്ടാണ് ഞാന്‍ ചോദിച്ച ചോദ്യത്തിന് അവന്‍ സ്വയസിദ്ധമായ രീതിയില്‍ പ്രതികരിച്ചത്. ഞാന്‍ ആ പേപ്പര്‍ ബോള്‍ തുറന്നു നോക്കാന്‍ തന്നെ തീരുമാനിച്ചു. പക്ഷേ സുമേഷ് സര്‍ പെട്ടന്ന് കയറി വരുകയും ഞാന്‍ എനിക്ക് കിട്ടിയ ആ ചെറിയ സമ്മാനം സൈഡില്‍ ഇരിക്കുന്ന ബാഗിലേക്ക് എടുത്തിടുകയും ചെയ്തു.

അന്നേ ദിവസം രാത്രി എനിക്കൊരു കൂട്ടുകാരന്റെ പിറന്നാള്‍ ട്രീറ്റ്‌ ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ കുറച്ച് വൈകിയാണ് ഞാന്‍ വീട്ടില്‍ എത്തിയത്. വീട്ടില്‍ എത്തി കുളിച്ചു കഴിഞ്ഞ് നേരെ എന്റെ റൂമില്‍ കയറി പിറ്റേന്ന് സ്കൂളിലേക്ക് ചെയ്യാനുള്ള assignment-നു വേണ്ടി ലൈബ്രറിയില്‍ നിന്നും എടുത്ത ബുക്കില്‍ നിന്നും കോപ്പി ചെയ്യാന്‍ തുടങ്ങി. കുറച്ച് നേരം എഴുതിക്കൊണ്ടിരുന്നപ്പോഴാണ് പെട്ടന്ന് എന്റെ മനസ്സില്‍ അന്ന് രാവിലെ ട്യൂഷന്‍ ക്ലാസ്സില്‍ സംഭവിച്ച കാര്യങ്ങളെ കുറിച്ച് ഓര്‍മ വന്നത്. എന്തോ നിധി തപ്പാന്‍ പോകുന്നുവെന്ന മട്ടില്‍ ഞാന്‍ ബാഗ്‌ എടുക്കാനയിട്ട് താഴേക്ക് ഓടി. സംഭവം എടുത്തു എന്റെ റൂമിലേക്ക് തിരിച്ചു വന്നതും ഞാന്‍ ആദ്യം ചെയ്തത് വാതില് കുറ്റിയിടുകയാണ്. അച്ഛനോ അമ്മയോ ഇടയ്ക്കു കയറി വന്നു എനിക്ക് കിട്ടിയ ആ ചെറിയ സമ്മാനത്തെ കുറിച്ചൊക്കെ ചോദിക്കുകയും പറയുകയും ഒക്കെ ചെയ്തു വെറുതെ ഓരോന്ന് ഞാന്‍ ആയിട്ട് ഉണ്ടാക്കി വെക്കണ്ടല്ലോ എന്ന് വിചാരിച്ച് തന്നെ ആണ് ഞാന്‍ അങ്ങനെ ചെയ്തത്.

ഞാന്‍ ബാഗ്‌ തുറന്നു നിഘൂടത നിറഞ്ഞ ആ പന്തിലെ രഹസ്യത്തിന്റെ ചുരുളുകള്‍ അഴിക്കാന്‍ തുടങ്ങി.

“എന്റമ്മേ……….!!!”

*തുടരും….!

Advertisements