ലാവ്‌ലിന്‍ കേസിലെ കളികള്‍

ലാവ്‌ലിന്‍ കേസില്‍ നിന്നും വളരെ സാഹസികമായി രക്ഷപ്പെട്ട് വീട്ടില്‍ കയറിയ വിജയനെ പാര്‍ട്ടിയും അതിലെ അണികളും മധുരം നല്‍കി സ്വീകരിക്കുന്ന ഫോട്ടോ ഇന്നത്തെ പ്രധാന വാര്‍ത്തയായി കേരളത്തിലെ ലക്ഷോപലക്ഷം വായനക്കാരുള്ള ഒരു ‘പാര്‍ട്ടി’ പത്രത്തില്‍ കാണുകയുണ്ടായി. ഇപ്പറഞ്ഞ കനേഡിയന്‍ കമ്പനി കേരളം പോലൊരു കൊച്ചു ദേശത്തു ‘അന്തക്കാലത്ത്’ ഡാമിന്റെ പേരില്‍ കുത്തിതീര്‍പ്പ് ഉണ്ടാക്കിയെങ്കില്‍ അതിനു പിന്നിലെ രാഷ്ട്രീയക്കച്ചവടത്തില്‍ മുഖ്യമന്ത്രി സീറ്റ്‌ വരെ തട്ടിയെടുക്കാന്‍ കെല്‍പ്പുള്ള പി. വിജയന്‍ ഒരു വശത്ത് ചുമ്മാ നോക്കിയിരുന്നു എന്ന് പറയാന്‍ പറ്റോ? ഈ പുള്ളിക്കാരന്‍ കേരളജനത കണ്ടതില്‍ വെച്ച് ഏറ്റവും സൗമ്യനും ‘പിറകില്‍ നിന്നും കുത്താന്‍’ അറിയാത്ത വളരെ നല്ലൊരു മനുഷ്യനുമായിരുന്നു എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? ഇനി അഥവാ വിശ്വസിച്ചില്ലെങ്കിലും ഇന്നലെ പുറത്തു വന്ന കോടതി വിധി വിജയന്‍റെ ഏതാണ്ടൊക്കെയുള്ള  നല്ല പിള്ള ചമയലാണ് പുറത്തു വിട്ടിരിക്കുന്നത്.

നോക്കെത്താ ദൂരത്ത്‌ കണ്ണും നട്ട് നോക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു വിജയന്. അന്ന് കൂടെ നിന്നിരുന്ന അച്ചു മാമനെ ഈ പുള്ളി എപ്പോഴൊക്കെ കണ്ടിട്ടുണ്ടോ അപ്പോഴൊക്കെ നല്ല കിടുക്കന്‍ പണി കൊടുത്തിട്ടുമുണ്ട്. ഇക്കാര്യത്തിലും അത് സാധ്യമായി എന്ന കാര്യത്തില്‍ വിജയന്‍ സാറിനു അഭിമാനിക്കാം. കിളവന്മാരുടെ ലോകത്തെ പുപ്പുലിയും ഭീകരനുമായ അച്ചു മാമന് പിന്നേയും പണി കൂടിക്കൂടി വരുവാണ്. ഒന്ന്‍ ഷേവ് ചെയ്ത് കുട്ടപ്പന്‍ ആവാന്‍ എടുക്കുന്ന സമയം കൊണ്ടല്ലേ സംഭവങ്ങള്‍ മാറിമറിയുന്നത്. അത്ഭുദം എന്ന് ഇങ്ങനെയുള്ള കാര്യങ്ങളെ പറയുവാനും വേണം ഒരു നല്ല സമയവും യോഗവും. പിണറായിക്ക് അതിപ്പോ കുറച്ച് കൂടുതല്‍ ആണെന്നുള്ള കാര്യം നിസ്സംശയം പറയേണ്ടിയിരിക്കുന്നു. ഒരു വ്യക്തി എന്ന നിലയ്ക്ക് നോക്കുവാണെങ്കില്‍ പിണറായി വിജയന്‍ രാഷ്ട്രീയ കൊട്ടാരത്തിന്റെ തലപ്പത്തിരിക്കാന്‍ പോന്ന ഒരു രാജാവ് തന്നെ ആണ്. തിരുമറികള്‍ നടത്തി ആരും അറിയാതെ കാര്യങ്ങള്‍ സാധിക്കുക എന്നതാണല്ലോ കേരള രാഷ്ട്രീയത്തിന്റെ പണ്ട് മുതലേ ഉള്ള ചരിത്രം. പട്ടിണി കിടക്കുന്നവനും തെണ്ടുന്നവനും എന്ത് വില കൊടുക്കണം എന്നത് ഇക്കണ്ട ജനതയ്ക്ക് മൊത്തം അറിയാവുന്നതാണ്. ഇവിടെ മാത്രമല്ല ഇങ്ങനയൊക്കെ എന്നാണ് നിങ്ങള്‍ പറയാന്‍ പോവുന്നതെങ്കില്‍ അതിനു ഒരു പിന്നാമ്പുറം കൂടി ബുദ്ധിമാന്മാര്‍ മാത്രം വാഴുന്ന നമ്മുടെ കേരളത്തിലെ ജനങ്ങള്‍ക്ക് ചിന്തിച്ചു കൂടെ? അതല്ലേ യഥാര്‍ത്ഥ ജനാധിപത്യം എന്ന് നമ്മള്‍ പഠിച്ചട്ടുള്ളത്.

പാര്‍ട്ടിയുടെ അടിയന്തര യോഗത്തിന് മുന്നേ വിജയനെ കണ്ട അച്ചു മാമന്‍,

അച്ചു: രക്ഷപെട്ടു അല്ലേ?

വിജയന്‍: ഇതൊക്കെ എന്ത്? കേരളത്തില്‍ ഇതിന്റെ അപ്പുറം കാണിച്ചാലും ഞാന്‍ എന്നും നല്ല പിള്ള തന്നെ ആയിരിക്കും. അതാണ് ഞാനും കേരളവും തമ്മിലുള്ള ഒരു സെറ്റ് അപ്പ്‌.

അച്ചു: തനിക്കുള്ള പരുപ്പവടയും ചായയും ഞാന്‍ തന്നോളാം! ഇപ്പോഴല്ല പാര്‍ട്ടി മീറ്റിംഗ് ഒന്നു കഴിയട്ടെ. കഴിച്ചു കഴിഞ്ഞ് ഈ ‘പണി’ എനിക്കും കൂടി ഒന്ന്‍ പഠിപ്പിച്ചു തരണം കേട്ടോ.

വിജയന്‍: പിന്നെന്താ! അങ്ങ് പോര്.

കുറിപ്പ്: രാഷ്ട്രീയപരമായ ഒരു കാര്യങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ട് ആരേയും ഞാന്‍  ഈ പോസ്റ്റിലൂടെ വിമര്‍ശിക്കുകയോ കളിയാക്കുകയോ ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല എന്ന കാര്യം വളരെ വിനീതമായി പറഞ്ഞു കൊള്ളട്ടെ. ഇത് തീര്‍ത്തും ഒരു സാര്കാസ്റിക് പോസ്റ്റ്‌ മാത്രമായി വായനക്കാരായ നിങ്ങള്‍ എടുക്കുകയുള്ളൂ എന്ന് വിശ്വസിക്കുന്നു.

-രാഹുല്‍

ശ്വേതാംബരം

Swthambaram
പീതാംബരക്കുറുപ്പ് ശ്വേതാ മേനോനെ അപമാനിച്ചു എന്ന കേസില്‍ പോലീസ് അന്വേഷണം വ്യാപകമാക്കാന്‍ UDF സര്‍ക്കാര്‍ തീരുമാനിച്ചു. കേവലം ഒരു പെണ്ണിനെ, അതും ശ്വേതയെ പോലെ ഇത്രയും പ്രസിദ്ധി ആര്‍ജിച്ച നടിയെ യാതൊരു വിധേനയുള്ള ദാക്ഷണ്യവും ഇല്ലാതെ ഇത്രയും നാട്ടുകാരുടെ മുന്നില്‍ വെച്ച് ഒരു രാഷ്ട്രീയ നേതാവ് ആക്ഷേപിക്കുക എന്നത് സര്‍ക്കാരിനു ചുമ്മാ കയ്യും കെട്ടി നോക്കിനില്‍ക്കാന്‍ പറ്റില്ലല്ലോ. സോളാര്‍ കേസിന്റെ ഫയലുകള്‍ എഴുതി തുടങ്ങിവെച്ച ഇക്കഴിഞ്ഞ നാളുകള്‍ക്കുള്ളില്‍ മുഖ്യന്റെ അങ്ങുമിങ്ങുമുള്ള ഓട്ടത്തിന് ഒരു ആശ്വാസമായി കരുതാവുന്നതാണ്  സ്വന്തം പാര്‍ട്ടിയില്‍ നിന്നും ഉള്‍ത്തിരിഞ്ഞു വന്ന ഈ  വിഷയം. സാമാന്യം ഒരു മുന്ശുണ്ടിക്കാരനും വിദ്യാഭ്യാസസംബന്നനുമായ  MP തന്നില്‍ ഒളിച്ചിരുന്ന കാമാസക്തിക്ക് ഈ പ്രായത്തിലും യാതൊരുവിധ മാറ്റവുമില്ല എന്ന് കൂടി ഈ വിഷയം തെളിയിച്ചിരിക്കുകയാണ്. തന്റേതു മാത്രമായ ശരീരത്തില്‍ ഇത്രകണ്ട് സ്പര്‍ശിച്ച പിതാംബരക്കുറുപ്പ് ഇവിടെ ഒരു പെരുച്ചാഴിയെ അനുസ്മരിപ്പിക്കും വിധത്തിലാണ് പെരുമാറുന്നത്. കേരളത്തിലെ ജനതയെ മൊത്തം നയിക്കേണ്ട ഒരു വിദ്വാന്‍ ഇത്തരത്തില്‍ തന്നോട് പ്രതികരിച്ചതില്‍ വളരെ ദുഖം ഉണ്ടെന്ന്‍ ശ്വേതാ മേനോന്‍ അണപൊട്ടിയൊഴുകി വന്ന പോലെ എത്തിയ ക്യാമറ കണ്ണുകള്‍ക്ക്‌ മുന്നില്‍ പ്രസ്താവിച്ചു.

ശ്വേതയുടെ സിനിമകളിലെ ഗ്ലാമര്‍ പരിവേഷം കണ്ടു തോണ്ടാന്‍ വന്നതായിരുന്നു MP എങ്കില്‍ അദ്ദേഹത്തിന് ആള് മാറിപ്പോയി എന്ന കാര്യം ഇനിയെങ്കിലും അംഗീകാരിക്കേണ്ടി ഇരിക്കുന്നു. കേരളം ഒരു ഭ്രാന്താലയം ആണെന്ന് വിവേകാനന്തന്‍ മുമ്പ് എപ്പോഴോ പറഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോഴാണ്‌ അതിനു പറ്റിയ അവസരങ്ങളും ആളുകളും അദ്ദേഹം അന്ന് പറഞ്ഞ സംഭവം ശരിയാണെന്ന്‌ തെളിയിക്കും വിധം ഇറങ്ങിത്തിരിഞ്ഞിരിക്കുന്നത്. ഇക്കണ്ട പാര്‍ട്ടിയുടെ അണികള്‍ മൊത്തം ഇപ്പറഞ്ഞ കാര്യങ്ങളെയും ഈ സംഭവത്തെയും എല്ലാ രീതിയിലും എതിര്‍ക്കുമ്പോഴും ഇതിലെത്രയെണ്ണം ശ്വേതയെ MP തൊട്ടതിനുമപ്പുറം കണ്ടിട്ടും ഊഹിച്ചിട്ടും ഉണ്ടെന്ന്‍ കേട്ടറിയേണ്ടി ഇരിക്കുന്നു. സത്യങ്ങള്‍ക്കും ന്യായീകരണങ്ങള്‍ക്കും പേര് കേട്ട കേരളം പോലൊരു വെള്ളരിക്കാപ്പട്ടണത്തില്‍ ഇതിപ്പോഴെങ്കിലും നടന്നില്ലെങ്കില്‍ അത്ഭുതപ്പെടാനേയുള്ളൂ.

കുറിപ്പ്: ഈ പോസ്റ്റിനു പറ്റിയ ഒരു ഫോട്ടോ ഗൂഗിളില്‍ നിന്നും തപ്പിയെടുക്കാന്‍ കുറച്ച് കഷ്ടപ്പെടേണ്ടി വന്നു. അത്രയ്ക്ക് ബഹുകേമം ആണല്ലോ ശ്വേതാ മേനോന് നമ്മുടെ സ്വന്തം ഗൂഗിള് കൊടുത്തിരിക്കുന്ന സ്ഥാനം.

-രാഹുല്‍